About UAE

യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്

മുംബൈ: ഗള്‍ഫ് ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ പ്രതീക്ഷാ തുരുത്തായിരുന്നു. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചുപോലും ഇന്ത്യക്കാര്‍ പറന്നിരുന്നത് ഗള്‍ഫിലെ പച്ചപ്പ് തേടിയാണ്. കാലം കഴിഞ്ഞപ്പോള്‍ കഥകള്‍ മാറിയിരിക്കുന്നു. ഗള്‍ഫിലേക്ക് പഴയ പോലെ കുടിയേറ്റമില്ല. ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായിരിക്കുന്നു. ജോലി തേടി ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും പോകുന്നവരുടെ താല്‍പ്പര്യം യുഎഇയോടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷേ, കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകളില്‍ ഗ്രാഫ് ഉയര്‍ന്നുകാണുന്നത് ഖത്തറിലേക്കു ജോലിക്ക് പോകുന്നവരുടേത് മാത്രമാണ്. ഇ-മൈഗ്രേറ്റ് എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് ഇങ്ങനെ…
ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറല്ല
2018ല്‍ ഗള്‍ഫിലേക്ക് ജോലി തേടിപ്പോകുന്നവരുടെ എണ്ണത്തില്‍ 21 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണിത്. കഴിഞ്ഞ നവംബര്‍ 30 വരെയുള്ള 11 മാസത്തെ കണക്കെടുത്താല്‍ ഗള്‍ഫിലേക്ക് പോയ മൊത്തം ഇന്ത്യക്കാരുടെ എണ്ണം 2.95 ലക്ഷമാണ്. ഒരു കാലത്ത് ഇത് 8 ലക്ഷത്തോളമായിരുന്നു.

ഏറ്റവും ഉയര്‍ന്ന എണ്ണം 
2014ല്‍ ഗള്‍ഫിലേക്ക് പോയവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന അളവിലായിരുന്നു. പിന്നീടാണ് കുറവ് വരാന്‍ തുടങ്ങിയത്. 2014ല്‍ ഗള്‍ഫിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം 7.76 ലക്ഷമായിരുന്നു. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2018ല്‍ 62 ശതമാനത്തിന്റെ കുറവ് വന്നിരിക്കുന്നു. അതായത് 2014ല്‍ പോയതിന്റെ പകുതി ആളുകള്‍ പോലും 2018ല്‍ പോയിട്ടില്ല.

പോയവരില്‍ കൂടുതല്‍ യുഎഇയിലേക്ക് 
2018ല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിക്ക് പോയ ഗള്‍ഫ് രാജ്യം യുഎഇയാണ്. ഏറെ കാലമായി യുഎഇ തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷം 1.03 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലേക്ക് ജോലിക്ക് പോയത്. തൊട്ടുപിന്നില്‍ സൗദിയും കുവൈത്തുമാണ്. സൗദിയിലേക്ക് 65000 പേരും കുവൈത്തിലേക്ക് 52000 പേരും ജോലിക്ക് പോയി.

സൗദിയില്‍ നിന്നുള്ള തിരിച്ചുവരവ് 
നേരത്തെ സൗദിയിലേക്കും വന്‍തോതില്‍ കുടിയേറ്റമുണ്ടായിരുന്നു. എന്നാല്‍ 2017ന് ശേഷം സൗദിയിലേക്ക് ജോലിക്കു പോകുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. മാത്രമല്ല, സൗദിയില്‍ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നവരുടെ എണ്ണവും വര്‍ധിച്ചു. സൗദിയിലെ സ്വദേശിവല്‍ക്കരണമാണ് ഇതിന് കാരണം.

80 ശതമാനം കുറവുണ്ടായി 
2014ല്‍ സൗദിയിലേക്കുള്ള കുടിയേറ്റം 3.30 ലക്ഷമായിരുന്നു. ഇതാണ് കഴിഞ്ഞ വര്‍ഷം 65000 ആയി ചുരുങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സൗദിയിലേക്ക് ജോലി തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 80 ശതമാനം കുറവാണുണ്ടായത്. പക്ഷേ ഖത്തറിന്റെ കാര്യത്തില്‍ അങ്ങനെ അല്ല.

ഖത്തറില്‍ പച്ച കത്തി 
2018ല്‍ ഖത്തറിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ ഗ്രാഫ് മാത്രമാണ് പച്ച കത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ ഗള്‍ഫിലേക്ക് പോകുന്നത് യുഎഇയിലേക്കാണെങ്കിലും യുഎഇയിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറവുണ്ടാകുന്നുണ്ട്. എന്നാല്‍ 2017 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2018ല്‍ ഖത്തറിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചു.

കാരണം പലതാണ്
2017ല്‍ ഖത്തറിലേക്ക് ജോലി തേടിപ്പോയവരുടെ എണ്ണം 25000 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 32500 ആയി ഉയര്‍ന്നു. ഖത്തര്‍ ഭരണകൂടം അടുത്തിടെ നിയമങ്ങളില്‍ വരുത്തിയ ഇളവുകളാണ് ഇതിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വന്‍തോതിലുള്ള വര്‍ധന ഗ്രാഫില്‍ കാണുന്നുമില്ല.

2022 ലക്ഷ്യമിട്ട് 
ഖത്തറില്‍ 2022ല്‍ ലോകകപ്പ് ഫുട്‌ബോല്‍ മല്‍സരം വരാന്‍ പോകുന്നു. അതുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലുകളാണ് ഖത്തറിലുള്ളത്. ഇതാണ് ഖത്തറിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്. കൂടാതെ ഇന്ത്യക്കാര്‍ നിബന്ധനയോടെ ഒട്ടേറെ ഇളവുകളും ഖത്തര്‍ ഭരണകൂടം വരുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ 
ഖത്തറില്‍ ഏറ്റവും കൂടുതലുള്ള വിദേശികള്‍ ഇന്ത്യക്കാരാണ്. ഖത്തറില്‍ 6-7.50 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് വാഷിങ്ടണിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റൂട്ട് പറയുന്നത്. ഖത്തറിലെ സ്വദേശികളുടെ ഇരട്ടി വരുമിത്. ഖത്തറില്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

എന്താണ് കുറയാന്‍ കാരണം?
എന്താണ് ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോകുന്ന ഇന്ത്യക്കാര്‍ കുറയാന്‍ കാരണം? വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ വച്ച രേഖയില്‍ പറയുന്നത് ഒട്ടേറെ കാരണങ്ങളാണ്. ഇന്ത്യയില്‍ കൂലി കൂടിയതാണ് ഒരുകാരണം. മാത്രമല്ല ഗള്‍ഫില്‍ കൂലിയില്‍ കാര്യമായ വര്‍ധനവുമില്ല. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവല്‍ക്കരണത്തിന് പ്രധാന്യം കൊടുത്തതും ഇന്ത്യക്കാര്‍ അകലാന്‍ കാരണമായി.

വ്യത്യാസങ്ങള്‍ക്ക് സാധ്യത 
എന്നാല്‍ മേല്‍പ്പറഞ്ഞ കണക്കില്‍ ചില വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. കാരണം ഒട്ടേറെ ഇന്ത്യക്കാര്‍ ടൂറിസ്റ്റ് വിസയിലാണ് ഗള്‍ഫിലേക്ക് പോകുന്നത്. ശേഷം തൊഴില്‍ വിസയിലേക്ക് മാറുകയാണ്. ഇങ്ങനെ പോകുന്ന ഇന്ത്യക്കാരുടെ കണക്ക് ഇ-മെഗ്രൈഷന്‍ ഡാറ്റകളില്‍ ലഭ്യമാകില്ലെന്നും വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *