Dubai Business Malayalam

Dubai Business Malayalam

ഗള്‍ഫിലെ ആറ് രാജ്യങ്ങളില്‍ ഏറ്റവും നല്ല ബിസിനസ് സൗഹ്യദ രാജ്യമേതെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം, അത് യു എ ഇ ആണ്. യു എ ഇ യിലെ ഏഴ് എമിറേറ്റുകളില്‍ ഏറ്റവും ശ്രദ്ധേയമായ ബിസിനസ് കേന്ദ്രം ദുബൈയും.

ആഗോളതലത്തില്‍ അനുഭവപ്പെടുന്ന സാമ്പത്തിക മാറിമറിയലുകള്‍ ഇവിടെയും ദൃശ്യമാണെങ്കിലും യു എ ഇ ഭരണാധികാരികളുടെയും ബിസിനസ് സമൂഹത്തിന്‍റെയും ചെയ്യാന്‍ കഴിയുമെന്ന മനോഭാവം can do attitude പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

വിദേശ നിക്ഷേപകരോടും ബിസിനസ് സമൂഹത്തോടും കാണിക്കുന്ന ഉദാരമായ നയവും സമീപനവും ദുബൈയെ മധ്യപൗരസ്ത്യ ദേശത്തെ ബിസിനസ് ഹബ്ബാക്കി മാറ്റിയിരിക്കുന്നു. ആഗോള സ്വകാര്യകമ്പനികളിലെ ഉപഭോക്തൃ സേവന നിലവാരത്തോടാണ് യു എ യിലെ പ്രത്യേകിച്ച് ദുബൈയിലെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ മത്സരിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസ് എന്ന് കേള്‍ക്കുമ്പോഴേക്ക് നമ്മുടെ മനസ്സില്‍ തെളിയുന്ന നിഷ്ക്രിയമായ, ഉത്തരവാദിത്ത ബോധമില്ലാത്ത നെഗറ്റീവ് ചിത്രമല്ല നമുക്ക് ദുബൈയില്‍ കാണാനാവുക; അന്താരാഷ്ട്ര ഉപഭോക്തൃ സേവനങ്ങളുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്റ്റാര്‍ ഛിഹ്നങ്ങല്‍ നല്‍കിയാണ് ഗവണ്‍മെന്‍റ് ഓഫിസുകളെ തരംതിരിക്കുന്നത്.

ഇടപാടുകാരന്‍റെ സന്തോഷം Customer satisfaction ഇവിടെ ഓരോ സര്‍ക്കാര്‍ ജീവനക്കാരന്‍റേയും ഉത്തരാവദിത്തമാണ്. ആവശ്യങ്ങള്‍ക്കായി കൗണ്ടറിലെത്തുന്ന ഉപഭോക്താവിന് തല്‍സമയം തന്‍റെ അനുഭവവും അഭിപ്രായവും രേഖപ്പെടുത്താനുള്ള സ്മാര്‍ട് ഡിവൈസ് ഇരിപ്പിടത്തിനടുത്ത് കാണാം.

ഉപഭോക്തൃ സന്തോഷം കൂട്ടുന്നതില്‍ ഇവിടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ മല്‍സരത്തിലാണ്. പ്രജകളുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സന്തുഷ്ടിയും ക്ഷേമവും യു എ യുടെ ദേശീയ അജണ്ഡയാണ്. Ministry for Happiness and Well-being എന്ന പേരില്‍ ഒരു മന്ത്രാലയവും അതിനൊരു മന്ത്രിയും ഇവര്‍ക്കുണ്ട്. യു എ ഇ സന്തോഷ സൂചിക (happiness index) 2005ന് ശേഷം 2.5 ശതമാനം വര്‍ദ്ധിച്ചതായി വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്ന പ്രക്രിയയിലാണ് ഭരണാധികാരികള്‍. നിര്‍മ്മിത ബുദ്ധിയിലധിഷ്ടിതമായ പൊതു ഗതാഗതം, പൊതുസേവനം, വിദ്യാഭ്യാസ, ആരോഗ്യ, ജീവിത നിലവാരം, സേവനങ്ങളുടെ അതിനൂതന യന്ത്രവല്‍ക്കരണം തുടങ്ങിയവ അതില്‍ ചിലതാണ്.

ഡ്രൈവറില്ലാ കാര്‍, ഓട്ടോമേറ്റഡ് എയര്‍പോര്‍ട്, ഡെലിവറി റോബോട്ടുകള്‍, ഡ്രോണൂകള്‍ എന്നിവയുടെ ഗവേഷണങ്ങള്‍ക്കും നിര്‍വ്വഹണത്തിനും വന്‍ നിക്ഷേപം തന്നെ ദുബൈ നടത്തിയിട്ടുണ്ട്.

ഈ ചിന്തയുടെയെല്ലാം പ്രേരകശക്തി, യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബ്ന്‍ റാഷിദ് ആല്‍മല്‍തൂം ആണ്. ദീര്‍ഘവീക്ഷണവും ദാര്‍ശിക കാഴ്ചപ്പാടും സര്‍ക്കാര്‍ മിഷനറിയെ ഒന്നാകെ തനിക്ക് ചുറ്റും മികവോടെ ചുറുചുറുക്കോടെ ചലിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ പാടവവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

ഇനി സ്കൈപോഡുകളുടെ കാലം; പൊതുഗതാഗത സംവിധാനത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ദുബായ്

പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ദുബായ് പരീക്ഷണവേദിയാകുന്നത്. മിനിറ്റുകള്‍ കൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ലൂപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പറക്കും ടാക്സിയുടെ പരീക്ഷണവും നടന്നു. ഇതിനുശേഷമാണിപ്പോള്‍ ആകാശപ്പാളത്തിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന സ്കൈ പോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

സ്കൈ വേ ഗ്രീന്‍ടെക് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി സ്കൈ പോഡുകള്‍ രംഗത്തിറക്കുന്നത്. ഭാവിയിലേക്കുള്ള ദുബായിയുടെ യാത്രാ സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണിത്.
പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനാവുമെന്നതാണ് സ്കൈ പോഡുകളുടെ പ്രധാന പ്രത്യേകത. ഉയര്‍ന്ന ഊര്‍ജക്ഷമതയാണ് മറ്റൊരു സവിശേഷത. സാധാരണ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് അഞ്ചിലൊന്ന് വൈദ്യുതി മാത്രമാണ് ഇതിനാവശ്യം.

യുനീബൈക്ക് എന്ന് പേരിട്ടിരിക്കുന്ന ആദ്യ മോഡല്‍ ഭാരം കുറഞ്ഞതും ചെറുതുമാണ്. തൂണുകളില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുന്നത് പോലെ സ്ഥാപിക്കുന്ന സ്റ്റീല്‍ വീലുകള്‍ വഴിയാവും സഞ്ചാരം. ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് വാഹനങ്ങളുടെയും സ്പോര്‍ട്സ് വാഹനങ്ങളുടെയും സവിശേഷതകള്‍ സമന്വയിക്കുന്ന യൂനി ബൈക് സ്വന്തമായ ചലനത്തില്‍ നിന്നുതന്നെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കും. രണ്ട് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഇതില്‍ സഞ്ചരിക്കാനാവുക. 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കും.

യൂനികാര്‍ എന്നാണ് സ്കൈ പോ‍ഡുകളുടെ രണ്ടാമത്തെ മോഡലിന് പേര്. ദൂരയാത്രയ്ക്കായി ഇവ ഉപയോഗിക്കാം. നാലു മുതല്‍ ആറ് വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 150 കിലോമീറ്റര്‍ വരെയാവും വേഗത. ഉയര്‍ന്ന കെട്ടിടങ്ങളെ ബന്ധിപ്പിച്ച് സ്കൈ പോഡുകള്‍ക്കായി റെയില്‍ നെറ്റ്‍വര്‍ക്ക് സ്ഥാപിക്കാനാവുമെന്നും ആര്‍ടിഎ കണക്കുകൂട്ടുന്നു.

റോബോട്ടിക്സിലും നിർമിതബുദ്ധിയിലും ദുബൈയുടെ മുന്നേറ്റം തുടരുന്നു. രണ്ട്​ മേഖലകളിലും ലോകത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ദുബൈക്ക്​ ലഭിച്ചു. യു.എസ്, യു.കെ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് റോബോട്ടിക്​സ്​, നിർമിത ബുദ്ധ മേഖലകളിൽ ദുബൈയുടെ മുന്നേറ്റം. നിർമിതബുദ്ധി, ബ്ലോക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്ക്സ് തുടങ്ങിയവ രാജ്യത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുക മാത്രമല്ല കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും അവസരമാകുമെന്നാണ്​ പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *